പ്രവേശക പ്രവർത്തനം
കഥ മാത്രമല്ല,
എല്ലാം വൈകാരികമായി അവതരിപ്പിക്കാൻ ഭാഷ വേണം, മാതൃഭാഷ വേണം. ചർച്ചചെയ്യുക.
ചർച്ചാസൂചനകൾ
മനുഷ്യൻ അവന്റെ ചിന്തകളും ആശയങ്ങളും രൂപപ്പെടുത്തുന്നതും കൈമാറുന്നതും
പ്രധാനമായും ഭാഷയിലൂടെയാണ്. കഥ,
കവിത തുടങ്ങിയ സർഗ്ഗാത്മകസൃഷ്ടികളും വികാരവിചാരങ്ങളും വൈകാരികമായി
ആവിഷ്കരിക്കാൻ മാതൃഭാഷയാണ് ഉചിതം.
"മറ്റുള്ള
ഭാഷകൾ കേവലം ധാത്രിമാർ
മർത്യനു പെറ്റമ്മ തൻഭാഷ താൻ"
എന്നാണ് മഹാകവി വള്ളത്തോൾ പാടിയിട്ടുള്ളത്. മാതൃഭാഷ എന്നാൽ
അമ്മയ്ക്കു തുല്യമാണെന്നാണ് വള്ളത്തോൾ പറഞ്ഞതിന്റെ പൊരുൾ. ഭാവനയുടെയും
സ്വപ്നങ്ങളുടെയും പുതിയ പുതിയ ചിന്തകളുടെയും അന്വേഷണങ്ങളുടെയും ലോകത്തേക്ക്
നമുക്ക് സ്വച്ഛന്ദമായി സഞ്ചരിക്കാൻ മാതൃഭാഷയിലൂടെ മാത്രമേ സാധിക്കൂ. മാതൃഭാഷ
സ്വായത്തമാക്കിയ ഒരാൾക്ക് മറ്റേതൊരു ഭാഷയും അനായാസം കൈകാര്യം ചെയ്യാൻ കഴിയും.
മാതൃഭാഷയിലാണ് നമ്മുടെ വേരുകൾ. വേരിന് കരുത്തില്ലെങ്കിൽ ഒരു വൃക്ഷത്തിനും
നിലനിൽക്കാനാവില്ല. മാതൃഭാഷയെന്ന വേര് കരുത്തുള്ളതാകുമ്പോൾ നമ്മുടെ വ്യക്തിത്വവും
കരുത്തുള്ളതാകും.
പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും
1. പഞ്ചവർണ്ണക്കിളിക്ക്
കവി നൽകുന്ന വിശിഷ്ടഭോജ്യങ്ങൾ എന്തെല്ലാം? അവയുടെ സവിശേഷതയെന്ത്? കണ്ടെത്തി അവതരിപ്പിക്കുക.
ഉത്തരമാതൃക: കുറുക്കിയെടുത്ത
കൊഴുത്ത പാൽ പഞ്ചസാരചേർത്ത് കുഴമ്പാക്കിയതും നല്ല കദളിപ്പഴം തിരഞ്ഞെടുത്ത തേനും
ചേർത്ത് വെള്ളവും ശർക്കരയും പൊടിയിട്ടതും വെള്ളിക്കിണ്ണത്തിൽ വെവ്വേറെ വെച്ചാണ്
പഞ്ചവർണ്ണക്കിളിക്ക് നൽകുന്നത്. കുടിക്കാൻ നീലക്കരിമ്പിന്റെ ചാറും ഇളനീരും പാലും
തേനുമെല്ലാം ആവോളം നൽകുന്നു. വിശിഷ്ടവും ഇഷ്ടമുള്ളതുമായ ഭക്ഷണങ്ങളാണിവ. കിളിയെ
സന്തോഷിപ്പിച്ച് നന്നായി കഥപറയാനാണ് കവി വിശിഷ്ടഭോജ്യങ്ങൾ കിളിക്ക് നൽകുന്നത്.
2. "കർണ്ണസുഖം ഞാൻ
പറകയില്ലാരോടും". കർണ്ണന്റെ ഈ നിലപാട് വർത്തമാനകാലസാമൂഹ്യതലത്തിൽ എത്രമാത്രം
പ്രസക്തമാണ്? വിശകലനം
ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
ഉത്തരമാതൃക: മറ്റുള്ളവരെ
സന്തോഷിപ്പിക്കാൻ വേണ്ടി നാം പലപ്പോഴും സത്യം മറച്ചുവെച്ച് സംസാരിക്കാറുണ്ട്.
മറ്റുള്ളവരെ സുഖിപ്പിക്കാൻ വെറും വാക്കുകൾ പറയില്ല എന്ന നിലപാടാണ് കർണ്ണൻ
സ്വീകരിക്കുന്നത്.
3. * "പഞ്ചവർണ്ണക്കിളിപ്പെൺകിടാവേ തെളിഞ്ഞെന്തെഞ്ചെവി രണ്ടും
കുളിർപ്പൊരു നമ്" *
"കർണ്ണനും മനസ്മിതംചെയ്തു ചൊല്ലിനാൻ കർണ്ണസുഖം ഞാൻ പറകയില്ലാരോടും" ചെവി രണ്ടും
കുളിർപ്പിക്കുക, കർണ്ണസുഖം
എന്നീ പ്രയോഗങ്ങൾ ശ്രദ്ധിച്ചല്ലോ. കർണ്ണസുഖത്തെ വ്യത്യസ്തമായി ആവിഷ്കരിച്ചിട്ടുള്ള
സന്ദർഭങ്ങളാണിവ. രണ്ടു സന്ദർഭങ്ങളിലും ആശയത്തെ വ്യത്യസ്തമാക്കുന്നതെന്തെല്ലാം? സ്വാഭിപ്രായം
സമർത്ഥിക്കുക.
ഉത്തരമാതൃക: എന്റെ ചെവി
രണ്ടും കുളിർപ്പിക്കുന്ന കഥകൾ സന്തോഷത്തോടെ പറയുക എന്ന് കവി പഞ്ചവർണ്ണക്കിളിയോട്
ആവശ്യപ്പെടുന്നു. ചെവിക്ക് കുളിർമ്മ നൽകുന്ന,
സന്തോഷകരമായ കാര്യങ്ങൾ മാധുര്യം കലർന്ന സ്വരത്തിൽ പാടാനാണ് കവി
നിർദ്ദേശിക്കുന്നത്. കർണ്ണസുഖത്തിനുവേണ്ടി ഞാൻ ആരോടും ഒന്നും പറയുകയില്ല എന്നാണ്
കർണ്ണൻ പറയുന്നത്. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന വെറുംവാക്കുകൾ പറയില്ല എന്നാണ്
കർണ്ണന്റെ പൊരുൾ. ഒരേ അർത്ഥം വരുന്ന പ്രയോഗങ്ങളാണെങ്കിലും രണ്ടു സന്ദർഭത്തിലും ഇവ
വ്യത്യസ്ത ആശയങ്ങളാണ് ധ്വനിപ്പിക്കുന്നത്.
4. ആദരാലെങ്കിലും
കോരിവിളമ്പിയാൽ സ്വാദില്ലയെന്നു വരുമിനി നിർണ്ണയം - കല്യാണസൗഗന്ധികം (കുഞ്ചൻ
നമ്പ്യാർ) * "ചൊല്ലുന്നുണ്ടു
കണക്കെച്ചുരുക്കി ഞാൻ" - എഴുത്തച്ഛൻ മുകളിൽ നൽകിയ കവിവചനങ്ങൾ ഭാഷയുടെ ഏതെല്ലാം സവിശേഷതകളാണ്
വ്യക്തമാക്കുന്നത്? കാവ്യഭാഗങ്ങൾ
വിശകലം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
ഉത്തരമാതൃക: ബഹുമാനത്തോടെയാണെങ്കിലും
ധാരാളമായി കോരിവിളമ്പിയാൽ സ്വാദില്ലാതാകും എന്നാണ് കുഞ്ചൻ നമ്പ്യാർ പറയുന്നത്.
നന്നായി ചുരുക്കി ഞാൻ പറയാം എന്നാണ് എഴുത്തച്ഛൻ പറയുന്നത്. ആഹാരം ആവശ്യത്തിനു
കഴിക്കുമ്പോഴാണ് സ്വാദുള്ളത്. എത്ര പ്രിയപ്പെട്ട ഭക്ഷണമാണെങ്കിലും അധികമായാൽ സ്വാദ്
കുറയും. അതുപോലെയാണ് ഭാഷയുടെ കാര്യവും. പറയുന്ന കാര്യങ്ങൾ ചുരുക്കി വ്യക്തമായി
പറയണം. 'മിതം ച സാരം ച വചോഹി
വാഗ്മിത' എന്നാണല്ലോ
ചൊല്ല്. മിതവും സാരവത്തുമായ വാക്കാണ് വാഗ്മിയുടെ ലക്ഷണം. ഭാഷ മിതമായിരിക്കണം, അർത്ഥപൂർണ്ണമായിരിക്കണം എന്ന ആശയമാണ്
കുഞ്ചൻ നമ്പ്യാരും എഴുത്തച്ഛനും പറയുന്നത്.
5. * "കർണ്ണനാമംഗനാരാധിപേനെന്നുടെയുണ്ണികൾക്കേററം
പ്രധാനനായുള്ളവൻ കുണ്ഡലമറ്റാ വെറെ കിടക്കുന്നു, ഗണ്ഡസ്ഥലമതാ പിന്നെയും
ഭിന്നുന്നു, വില്ലാളിതള്ളിൽ
മുമ്പുള്ളവന്തന്നുടെ വില്ലതാ വേറെ കിടക്കുന്നിതിപ്പൊൾ! കണ്ടാൽ മനോഹരമാമവന്തന്നുടൽ
കണ്ടാലുമിപ്പോഴൊട്ടു നായയും നരിക്കളും ചെന്നു കടിച്ചു വലിക്കുന്നതിങ്ങനെ
വന്നിതിനെന്തൊരു കാരണം ദൈവമേ!" (ശ്രീമഹാഭാരതം കിളിപ്പാട്ട് - സ്ത്രീപർവ്വം)
* "സംഭ്രമത്തോടൊരു
ബാണം പ്രയോഗിച്ച നുയർക്കോൻതന്നുടെ തദനന്തരർജ്ജുനൻ വാരണവീരൻ തലയറ്റു വീണതു വീരൻ
ഗജേന്ദ്രൻ തന്റെ തലയറ്റു നാലാമതാനതൻ വാലുമറുത്തിട്ടു കോലാഹലത്തോടു പോയിതു
ബാണവും" (ശ്രീമഹാഭാരതം കിളിപ്പാട്ട് - ദ്രോണപർവ്വം)
മുകളിൽ നൽകിയ വരികൾക്കും പാഠഭാഗത്തിനും യോജിച്ച താളം
കണ്ടെത്തി അവതരിപ്പിക്കുക. കവിതയുടെ ഭാവത്തിനനുസരിച്ച് താളത്തിൽ വ്യത്യാസം
വരുത്തേണ്ടതുണ്ടോ? ചർച്ചചെയ്യുക. മുകളിൽ നൽകിയ
കാവ്യഭാഗങ്ങളും പാഠഭാഗവും വിശകലനം ചെയ്ത് പ്രയോഗഭംഗി, ശബ്ദഭംഗി, വാങ്മയചിത്രങ്ങൾ
തുടങ്ങിയവ കണ്ടെത്തി എഴുത്തച്ഛൻകൃതികളിലെ വർണ്ണനയുടെ സവിശേഷതകളെക്കുറിച്ച്
ഉപന്യാസം തയ്യാറാക്കുക.
ഉപന്യാസം – മാതൃക
എഴുത്തച്ഛൻകൃതിയിലെ വർണ്ണനയുടെ സവിശേഷതകൾ
ആശയത്തിന്റെ ഏതു ശൃംഗത്തെയും തന്നിലേക്കാവാഹിക്കാൻ മലയാളഭാഷ
കരുത്തുനേടിയത് എഴുത്തച്ഛന്റെ കാലം മുതലാണ്. കാവ്യഭംഗി നിറഞ്ഞ വാങ്മയചിത്രങ്ങൾ
സൃഷ്ടിക്കുന്നതിൽ അത്ഭുതാവഹമായ വൈദഗ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഏതുഭാവവും
പ്രകടിപ്പിക്കാൻ പറ്റിയ ദൃശ്യാത്മകവും ചലനാത്മകവുമായ ഭാഷ അദ്ദേഹം തന്റെ രചനകളിൽ
ഉപയോഗിച്ചു. സന്ദർഭങ്ങളെ മിഴിവുറ്റതാക്കാൻ അനുയോജ്യമായ ധാരാളം പ്രയോഗങ്ങൾ
എഴുത്തച്ഛന്റെ കാവ്യഭാഗങ്ങളിൽ കാണാം. ഭീഷ്മ സമാനൻ എന്ന പ്രയോഗം ഉദാഹരണം. ഈ
പ്രയോഗത്തിനർത്ഥം സംഹാരമൂർത്തിയായ ശിവനുതുല്യൻ എന്നാണ്. ഭീഷ്മരെ വിശേഷിപ്പിക്കുന്നതിന്
ഏറ്റവും അനുയോജ്യമാണ് ഈ പ്രയോഗം. 'ചൊല്ലുന്നുണ്ടു
കണക്കെച്ചുരുക്കി ഞാൻ' എന്ന വരികൾ
എഴുത്തച്ഛന്റെ കാവ്യരീതിയുടെ സവിശേഷത വ്യക്തമാക്കുന്നു. വളരെ കുറച്ചു വാക്കുകൾ
ഉപയോഗിച്ച് ആശയത്തിന്റെ വലിയ ലോകം തുറന്നിടുന്ന നിരവധി സന്ദർഭങ്ങൾ എഴുത്തച്ഛന്റെ
കവിതകളിലുണ്ട്. അക്ഷരങ്ങളുടെ ആവർത്തനംകൊണ്ടുണ്ടാകുന്ന ശബ്ദഭംഗി
എഴുത്തച്ഛൻകൃതികളുടെ എടുത്തു പറയേണ്ട സവിശേഷതയാണ്. മെല്ലെ - മെല്ലെ, കർണ്ണൻ - കർണ്ണസുഖം, കുണ്ഡലം-ഗണ്ഡസ്ഥലം, വാരണവീരൻ തുടങ്ങിയ പദങ്ങൾ ഉദാഹരണം.
'വാരണവീരൻ
തലയറ്റു വീണതു വീരൻ ഭഗദത്തൻ
തന്റെ തലയറ്റു'
എന്ന വരികളിൽ ആദ്യത്തെയും രണ്ടാമത്തെയും അവസാനത്തെയും
അക്ഷരങ്ങൾ ആവർത്തിച്ചിരിക്കുന്നത് കാണാം. ഇത്തരം ആവർത്തനം കവിതയുടെ ശബ്ദഭംഗി
വർദ്ധിപ്പിക്കുന്നു.
എഴുത്തച്ഛന്റെ കവിതകളിൽ ഇത്തരം വരികൾ ധാരാളമായി കാണാൻ കഴിയും.
വാക്കുകൾകൊണ്ട് വരയ്ക്കുന്ന നിരവധി ദൃശ്യങ്ങളും എഴുത്തച്ഛന്റെ കവിതയിലുണ്ട്.
പഞ്ചവർണ്ണക്കിളിക്ക് ഇഷ്ടഭോജ്യങ്ങൾ വെള്ളിക്കിണ്ണികയിൽ നിരത്തിവയ്ക്കുന്നത്
വർണ്ണിക്കുന്ന ഭാഗം വായിക്കുമ്പോൾ ആ ദൃശ്യം നേരിൽക്കാണുന്ന അനുഭവം
വായനക്കാർക്കുണ്ടാകും. വില്ലാളി വീരനായ കർണ്ണൻ കുരുക്ഷേത്രത്തിൽ വീണുകിടക്കുന്ന
ദൃശ്യവും വാക്കുകൾകൊണ്ട് വരച്ച ചിത്രമാണ്. ആനയുടെ തലയും വില്ലും ഭഗദത്തന്റെ തലയും
ആനയുടെ വാലും അരിഞ്ഞിട്ടിട്ട് ശബ്ദഘോഷത്തോടെ പാഞ്ഞുപോകുന്ന ബാണം ചലനാത്മകമായ
വാങ്മയ ചിത്രമാണ്. ഒരു ദൃശ്യം നേരിട്ടുകാണുന്ന പ്രതീതി നൽകാൻ ഇത്തരം
വാങ്മയചിത്രങ്ങളിലൂടെ സാധിക്കുന്നു.
0 Comments