പ്രവേശക പ്രവർത്തനം
മഴയും നോക്കി തിണ്ണയിൽ ഇരിക്കുപ്പോൾ തൊട്ടടുത്ത മരക്കൊമ്പിൽ
ഒരു പക്ഷി തണുത്ത വിറച്ചിരിക്കുന്നു. ഭംഗിയുള്ള ചിറകുകൾ ഇടയ്ക്കിടയ്ക്ക്
കുടയുന്നു. എന്നെപ്പോലെ മഴക്കാഴ്ച പക്ഷിക്കൊരു രസമാണ്.
ഇതിലെ ഏതെല്ലാം കാഴ്ചകളാണ് നിങ്ങൾക്ക് ഇഷ്ടമായത്? ചുവടെ എഴുതിനോക്കൂ
- മഴവെള്ളം
മരത്തിന്റെ ഇലകളിൽ തട്ടി താഴെ വീഴുന്നു.
- വെളിച്ചത്തിൽ
തിളങ്ങുന്ന മഴത്തുള്ളികൾ.
- മഴവെള്ളത്തിൽ
ഒഴുകിപ്പോകുന്ന കുഞ്ഞിലകൾ.
- ഭംഗിയുള്ള
ചിറകുകൾ കുടഞ്ഞ് മരക്കൊമ്പിലിരിക്കുന്ന പക്ഷി.
പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും മണ്ണിനെ ആശ്രയിച്ചാണ്
കഴിയുന്നത്. ആ മണ്ണ് ഏതെല്ലാം സ്വപ്നങ്ങൾ കാണുന്നുണ്ടാവാം? നിങ്ങൾ എഴുതൂ. പുതുമഴയുടെ നനവ് ചെന്നപ്പോൾ, ഒളിച്ചു കിടന്ന വിത്തുകൾ ഓരോന്നായി മുള
പൊട്ടുന്നതും കരിഞ്ഞുണങ്ങിയ മരങ്ങളും ചെടികളും പുതുജീവൻ ലഭിച്ച് ഉണരുന്നതും
ഉണങ്ങിയ കൊമ്പിലാകെ തളിരിലകൾ ഉണ്ടാകുന്നതുമെല്ലാം മണ്ണ് സ്വപ്നം കാണുന്നുണ്ടാകാം.
തന്നിൽ വേരൂറപ്പിച്ചു നിൽക്കുന്ന സസ്യങ്ങളിലൊക്കെ പൂക്കളും കായ്കളും നിറയുന്നതും
അവ ഭക്ഷിച്ച് കിളികളും മറ്റു ജീവികളും ആനന്ദനൃത്തം ചെയ്യുന്നതുമെല്ലാം മണ്ണ്
സ്വപ്നം കണ്ടിട്ടുണ്ടാകാം.
1. ഈണത്തിൽ താളത്തിൽ
ആദ്യം എല്ലാവരും ഈ കവിത മൗനമായി ഒന്നോ രണ്ടോ തവണ വായിക്കൂ.
ഇനി ചെറിയ ഗ്രൂപ്പുകളായി കവിതയ്ക്കു ചേരുന്ന ഈണത്തിൽ ചൊല്ലി അവതരിപ്പിക്കൂ. ഒരു
ഗ്രൂപ്പിന്റെ അവതരണം മറ്റു ഗ്രൂപ്പുകൾ ശ്രദ്ധിച്ച് വിലയിരുത്തുമല്ലോ.
2. പൂക്കളെ പരിചയപ്പെടാം
കവിതയിൽ ഏതെല്ലാം പൂക്കളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്? അവയുടെ
ചിത്രം ചുവടെ നൽകിയിട്ടുണ്ട്. നിറംനൽകി ഭംഗിയാക്കൂ.
3. നമുക്കും പൂക്കളാകാം (Activity)
പൂക്കളുടെ പേരുള്ള ഗ്രൂപ്പുകളായി മാറൂ. നിങ്ങൾക്ക് ലഭിച്ച
പൂവിനെക്കുറിച്ച് കവിതയിൽ പറഞ്ഞിട്ടുള്ള വരികൾ കണ്ടെത്തി അവതരിപ്പിക്കൂ. അവയുടെ
സവിശേഷതകളും അവതരണത്തിൽ ഉൾപ്പെടുത്തുമല്ലോ.
ഉത്തരമാതൃക:
- മുക്കുറ്റി - പൊൻവെയിലിൽ
കുരുത്ത മുക്കുറ്റികൾ
- ഗ്രൂപ്പ്
മുക്കുറ്റി:
നക്ഷത്രപോളുള്ള കുഞ്ഞു മഞ്ഞപ്പൂക്കളായി മുറ്റത്തും തോടിയിലുമൊക്കെ ഞങ്ങൾ
ഓണക്കാലത്ത് വിരിഞ്ഞു നിൽക്കും. ദശപുഷ്പങ്ങളിൽ ഒന്നാണ് ഞാൻ.
- തുമ്പ - പൂനിലാവ് നുകർന്ന
പുത്തുമ്പകൾ
- ഗ്രൂപ്പ്
തുമ്പ: നാട്ടിൻപുറങ്ങളിലെല്ലാം
സാധാരണയായി ഞങ്ങളെ കാണാം. വെളുത്ത നിറമാണ് ഞങ്ങൾക്ക്. ഓണപ്പൂക്കളത്തിൽ
ഏറ്റവും പ്രാധാന്യം ഞങ്ങൾക്കാണ്. ഞങ്ങളുടെ ഇലയും വേരും പൂവുമെല്ലാം ഔഷധമാണ്.
- ജമന്തി - സന്ധ്യ
നെയ്യെത്തെടുത്ത ലാലിച്ചതിൻ ചന്തമാകെപ്പകർന്ന ജമന്തികൾ
- ഗ്രൂപ്പ്
ജമന്തി: വെള്ള, മഞ്ഞ
നിറങ്ങളിലാണ് സാധാരണ ഞങ്ങളെ കാണാറുള്ളത്. ഞങ്ങൾക്ക് നല്ല മണമുണ്ട്. മാല
കെട്ടാനും ഓണപ്പൂക്കളത്തിലുമെല്ലാം ഞങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.
- കോളാമ്പി - മഞ്ഞനക്ഷത്രമെന്നപോൽ
വേലിയിൽ മഞ്ഞനിഞ്ഞ വിരിഞ്ഞ കോളാമ്പികൾ
- ഗ്രൂപ്പ്
കോളാമ്പി: പൂന്തോട്ടങ്ങളിലും
പാതയോരങ്ങളിലും ഒക്കെ പുഞ്ചിരി തൂകി നിൽക്കുന്ന ഞങ്ങളെ നിങ്ങൾ
കണ്ടിട്ടില്ലേ. എല്ലാ ദിവസവും ഞങ്ങൾ പൂക്കും. ചില്ലകളുടെ അറ്റത്ത് കുഴൽ
ആകൃതിയിലാണ് ഞങ്ങൾ ഉണ്ടാകുന്നത്.
- പനിനീർമലരുകൾ - കാറ്റിലേക്കു
സുഗന്ധമൊഴുയോഴുകും ചേറ്റിൽ നിൽക്കും പനിനീർമലരുകൾ
- ഗ്രൂപ്പ്
പനിനീർപ്പൂവ്:
നല്ല സുഗന്ധവും ഭംഗിയുമുണ്ട് ഞങ്ങൾക്ക്. മഞ്ഞ, ചുവപ്പ്, റോസ്, വെള്ള തുടങ്ങി
പല നിറങ്ങളിൽ ഞങ്ങൾ ഉണ്ട്. പനിനീർ ഉണ്ടാക്കുന്നത് ഞങ്ങളിൽ നിന്നാണ്.
- കുരുകുത്തിമുല്ല - രാത്രി പെറ്റ
കുരുകുത്തിമുല്ലകൾ
- ഗ്രൂപ്പ്
കുരുകുത്തിമുല്ല:
ഞങ്ങൾ രാത്രിയിൽ വിരിയുന്ന മണമുള്ള പൂക്കളാണ്. ശലഭങ്ങളെ ആകർഷിക്കാനാണ്
വെളുത്തനിറവും നല്ല സുഗന്ധവും ഞങ്ങൾക്കുള്ളത്.
- കൃഷ്ണകിരീടം - രാജമുദ്രയണിഞ്ഞ
ചെന്താരകൾ.
- ഗ്രൂപ്പ്
കൃഷ്ണകിരീടം:
നാട്ടിൻപുറങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഞങ്ങളെ ഓണപ്പൂക്കളത്തിൽ
ഉപയോഗിക്കാറുണ്ട്. കിരീടത്തിന്റെ ആകൃതിയിലാണ് ഞങ്ങളുടെ പൂക്കുല. അതുകൊണ്ടാണ്
രാജമുദ്രയണിഞ്ഞ ചെന്താരകൾ എന്ന് പറഞ്ഞിരിക്കുന്നത്.
- വാടാമുല്ല - ഭൂമി ചാർത്തിയ
കുങ്കുമപ്പൊട്ടുപോൽ തൂമയേറിടും വാടാമലരുകൾ.
- ഗ്രൂപ്പ്
വാടാമുല്ല: പേരുപോലെ
തന്നെ വാടാതെ ഏറെക്കാലം നിൽക്കുന്നവരാണ് ഞങ്ങൾ. മാല, ബൊക്കെ, ഓണപ്പൂക്കളം ഇവ
മനോഹരമാക്കാൻ ഞങ്ങളും വേണം.
4. ഓർത്തുവെച്ചു
ചൊല്ലാം
കവിതയിൽ ആദ്യം പറഞ്ഞത് ഏത് പൂവിനെക്കുറിച്ചാണ്? ഓരോ പൂവിനെക്കുറിച്ചും പറഞ്ഞ വരികൾ ഓർത്തു
ചൊല്ലൂ.
മാതൃക:
കവിതയിൽ ആദ്യം പറഞ്ഞത് മുക്കുറ്റിയെക്കുറിച്ചാണ്.
- മുക്കുറ്റി: 'പൊൻവെയിലിൽ
കുരുത്ത മുക്കുറ്റികൾ'
- തുമ്പ: 'പൂനിലാവ് നുകർന്ന
പുത്തുമ്പകൾ' ഇങ്ങനെ
ഓരോ പൂവിനെക്കുറിച്ചും പറഞ്ഞ വരികൾ ഓർത്തുചൊല്ലൂ.
5. പൂക്കളോടൊപ്പം
- പൂക്കൾ
മണ്ണിന്റെയൊമനക്കിനാവുകൾ
- പൂക്കൾ
ജീവന്റെ പ്രേമപ്രതീകങ്ങൾ!
പൂക്കളെക്കുറിച്ച് കവിതയിൽ പൊതുവായി പറയുന്ന കാര്യങ്ങൾ
കണ്ടെത്തിയെഴുതുക.
ഉത്തരമാതൃക: പലതരത്തിലുള്ള പൂക്കളെക്കുറിച്ചുള്ള വർണ്ണനകളോടെയാണ് കവിത
തുടങ്ങുന്നത്. പിന്നീട് പൂക്കളുടെ മഹത്വം വാഴ്ത്തി പാടുന്നു. എല്ലാദിവസവും എത്രയോ
പൂക്കളാണ് ഭൂമിയുടെ മക്കളായി പിറക്കുന്നത്. ആ മക്കളെക്കുറിച്ചെല്ലാം അമ്മയായ
ഭൂമിക്ക് ഏറെ സ്വപ്നങ്ങളുണ്ട്. ചില പൂക്കളുടെ കണ്ണുകളിൽ നീലാകാശമുണ്ട്. മറ്റു ചില
പൂക്കൾ വെള്ളത്തുള്ളികൾ കൊണ്ട് മാല ചാർത്തുന്നു. ചില പൂക്കൾ ഏതു ചൂടിലും വാടാതെ
നിൽക്കുന്നു. ഏതിരുട്ടിലും പുഞ്ചിരിക്കുന്ന പൂക്കളുമുണ്ട്. പൂക്കൾ നമ്മെ ജീവിക്കാൻ
പ്രേരിപ്പിക്കുന്നു. സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ് പൂക്കൾ.
6. പൂക്കളും
നമ്മളും
- നീലവാനം
മിഴികളിലുള്ളവർ
- നിർകണങ്ങളാൽ
മാല ചാർത്തുന്നവർ
- ഏതു
ചൂടിലും വാടാതെ നില്പവർ
- ഏതിരുട്ടിലും
മന്ദഹസിപ്പവർ...
ഈ വരികളിൽ പൂക്കളുടെ സവിശേഷതകൾക്കൊപ്പം മറ്റെന്തെല്ലാം
കാര്യങ്ങളാണ് പറയാനുള്ളത്?
ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
ഉത്തരമാതൃക: നീലവാനം മിഴികളിൽ ഉള്ള പൂക്കളുണ്ട്. നിറം, വിശാലത, ഭംഗി എന്നിവയാണ് നീലവാനത്തിന്റെ സവിശേഷതകൾ. എല്ലാം കാണാനും
അറിയാനുമുള്ള കുട്ടികളുടെ കൗതുകവും അത് നൽകുന്ന സൗന്ദര്യവുമാണ് നിലവാനം
മിഴികളിലുള്ളത് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. മഞ്ഞുതുള്ളികൾ വീണുകിടക്കുന്ന
പൂക്കളുടെ ഭംഗിയാണ് നിർകണങ്ങളാൽ മാല ചാർത്തുന്നവർ എന്ന വരികളിലുള്ളത്. സങ്കടകരമായ
സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികളെക്കുറിച്ചാണ് ഇവിടെ സൂചന.
ഏതു ചൂടിലും വാടാതെ നിൽക്കുന്ന പൂക്കളുണ്ട്. അതുപോലെ ഏതു
പ്രതിസന്ധിയിലും തളരാതെ കരുത്തോടെ നിൽക്കുന്ന മനുഷ്യരുമുണ്ട്. ഇരുട്ടിൽ
പുഞ്ചിരിതൂകി നിൽക്കുന്ന പൂക്കളെക്കുറിച്ചാണ് അടുത്ത വരിയിൽ കവി പറയുന്നത്. ഏതു
ദുഃഖത്തിനിടയിലും, ജീവിതം
വഴിമുട്ടി നിൽക്കുമ്പോഴും ചിരിയിലൂടെ അതിനെ മറികടക്കുന്നവരെക്കുറിച്ചാണ് ഈ വരികളിൽ
പറയുന്നത്. പൂക്കളുടെ പ്രത്യേകതകൾ മനുഷ്യരിലും കണ്ടെത്തുകയാണ് കവി.
7. ആസ്വാദനക്കുറിപ്പിലേക്ക്...
മണ്ണിന്റെ കിനാവുകൾ എന്ന കവിത ഇഷ്ടമായല്ലോ. നിങ്ങൾ
മനസ്സിലാക്കിയ കാര്യങ്ങൾ ഉൾപ്പെടുത്തി താഴെ കൊടുത്തിട്ടുള്ള മനോപടം പൂർത്തിയാക്കൂ.
മനോപടം
- കവിതയുടെ
പേര് - മണ്ണിന്റെ
കിനാവുകൾ
- കവിയെക്കുറിച്ച്: പി. മധുസൂദനൻ.
തന്റെ ചുറ്റുപാടുമുള്ള പുല്ലിലും കല്ലിലും മാവിലും പൂവിലും എല്ലാം കവിത
കാണുന്ന കവി. കുട്ടികളുടെ ഭാവന ഉണർത്തുന്ന ധാരാളം കവിതകൾ ഇദ്ദേഹം
രചിച്ചിട്ടുണ്ട്.
- നിങ്ങൾക്കിഷ്ടപ്പെട്ട
വരികൾ:
- സന്ധ്യ
നെയ്യെത്തെടുത്തൂ ലാലിച്ചതിൻ ചന്തമാകെപ്പകർന്ന ജമന്തികൾ
- മഞ്ഞനക്ഷത്രമെന്നപോൽ
വേലിയിൽ മഞ്ഞനിഞ്ഞൂ വിരിഞ്ഞ കോളാമ്പികൾ
- ഭൂമി
ചാർത്തിയ കുങ്കുമപ്പൊട്ടുപോൽ തൂമയേറിടും വാടാമലരുകൾ
- സമാന
ആശയമുള്ള മറ്റു കവിതകളിലെ വരികൾ:
- പൂക്കുന്നുിതാമുല്ല
പൂക്കുന്നുിലഞ്ഞി പൂക്കുന്നു തേന്മാവും പൂക്കുന്നുശോകം
- മലരണിക്കാടുകൾ
തിങ്ങിവിങ്ങി മരതകകാന്തിയിൽ മുങ്ങിമുങ്ങി
- പ്രധാനാശയങ്ങൾ:
- മണ്ണിന്റെ
മക്കളായി പിറക്കുന്ന പൂക്കളുടെ സവിശേഷതകൾ.
- പൂക്കൾ
നൽകുന്ന ചിന്തകൾ - ജീവിക്കാൻ പ്രേരിപ്പിക്കുന്നു, പ്രേമവും
പ്രതീക്ഷയും നൽകുന്നു.
- സവിശേഷപദങ്ങളും
പ്രയോഗങ്ങളും:
- സന്ധ്യ
നെയ്യെത്തെടുത്തൂ ലാലിച്ചൂ
- രാജമുദ്രയണിഞ്ഞ
ചെന്താരുകൾ
- നീലവാനം
മിഴികളിലുള്ളവർ
- മണ്ണിന്റെയൊമനക്കിനാവുകൾ
ആസ്വാദനക്കുറിപ്പ്
മനോപടത്തിന്റെ സഹായത്തോടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
നല്ലൊരു പേര് നൽകുമല്ലോ.
മാതൃക:
പ്രകൃതിയെക്കുറിച്ചും ഭൂമിയെക്കുറിച്ചും ധാരാളം കവിതകൾ എഴുതിയിട്ടുള്ള കവിയാണ്
പി. മധുസൂദനൻ. ഇദ്ദേഹത്തിന്റെ മണ്ണിന്റെ കിനാവുകൾ എന്ന കവിതയിൽ മണ്ണിന്റെ
സ്വപ്നങ്ങളും പ്രതീക്ഷകളുമായ പലതരം പൂക്കളെക്കുറിച്ചാണ് പറയുന്നത്.
പ്രകൃതിസ്നേഹിയായ കവി വായനക്കാരിലേക്കും പ്രകൃതിസ്നേഹം പകർന്നുനൽകുന്നു.
മണ്ണിന്റെ കിനാവുകളാണ് പൂക്കൾ. മുക്കുറ്റി, തുമ്പ, ജമന്തി തുടങ്ങിയ പൂക്കളെക്കുറിച്ചാണ് കവി പറയുന്നത്. ഓരോ
പൂവിനേയും പ്രത്യേകമായി വിശേഷിപ്പിക്കുന്നു. പൊൻവെയിലിൽ കുരുത്ത മുക്കുറ്റി, പൂനിലാവ് നുകർന്ന പുത്തുമ്പ
എന്നിങ്ങനെയാണ് വിശേഷണങ്ങൾ. മനോഹരമായാണ് ഓരോ പൂവിനേയും അവതരിപ്പിക്കുന്നത്.
വിശേഷണങ്ങളെല്ലാം പൂക്കൾക്കിണങ്ങുന്നവയാണ്.
കവിതയുടെ പേരും അർത്ഥപൂർണ്ണമാണ്. മണ്ണിന്റെ മക്കളാണ്
പൂക്കൾ. മക്കളെക്കുറിച്ച് മണ്ണ് കിനാവ് കാണുന്നു. ജീവന്റെ പ്രേമവും പ്രതീക്ഷയുമാണ്
പൂക്കൾ. ആറിലും സന്തോഷവും പ്രതീക്ഷയും സ്നേഹവും നിറയ്ക്കാൻ പൂക്കൾക്കു കഴിയും.
ധാരാളം പൂക്കൾ ഭൂമിയുടെ മക്കളായി നിത്യവും പിറക്കുന്നുണ്ട്. ചില പൂക്കളുടെ
കണ്ണുകളിൽ നീലാകാശമുണ്ട്. ചില പൂക്കൾ വെള്ളത്തുള്ളികൾ കൊണ്ട് മാലയണിയുന്നു. ചില
പൂക്കൾ ഏതു ചൂടിലും വാടാതെ നിൽക്കുന്നു. മറ്റു ചിലത് ഏതിരുട്ടിലും
പുഞ്ചിരിക്കുന്നു.
പരസ്പരസ്നേഹത്തിന്റെയും സഹകരണത്തിന്റെയും കരുതലിന്റെയും, പ്രതിസന്ധികളെ അതിജീവിച്ച്
മുന്നേറുന്നവരുടെയും ഒക്കെ പ്രതീകമാണ് ഈ കവിതയിലെ പൂക്കൾ. ഓരോ പൂവും അവരുടെ ജീവിതം
കൊണ്ട് നമുക്ക് സന്ദേശങ്ങൾ നൽകുന്നു. പ്രകൃതിയിൽ എല്ലാം പരസ്പരം
ബന്ധപ്പെട്ടിരിക്കുന്നു എന്ന സൂചനയും കവിത നൽകുന്നുണ്ട്. ആശയം, പ്രയോഗഭംഗി, മനോഹരമായ വർണ്ണനകൾ എന്നിവകൊണ്ടെല്ലാം സമ്പന്നമാണ് ഈ കവിത.
ചുറ്റപ്പാടുകളെ നിരീക്ഷിക്കാനും പ്രകൃതിസ്നേഹം നിലനിർത്താനും നമ്മെ
പ്രചോദിപ്പിക്കുന്ന കവിതയാണിത്. മണ്ണിൽ എല്ലാം ഇണങ്ങിക്കഴിയുമ്പോഴാണ് ഭൂമി
സ്വർഗമായി മാറുന്നത്.
8. ചുമർപത്രിക
തയ്യാറാക്കാം
കവി പറഞ്ഞ കാര്യങ്ങളും നിങ്ങൾക്ക് അറിയാവുന്ന മറ്റു
വിവരങ്ങളും കൂട്ടുകാർ വരച്ച ചിത്രങ്ങളുമെല്ലാം ചേർത്ത് നിങ്ങളുടെ മുക്കുറ്റി, നിങ്ങളുടെ ജമന്തി തുടങ്ങിയ പേരുകളിൽ ഓരോ
ഗ്രൂപ്പിനും ഓരോ ചുമർപത്രിക തയ്യാറാക്കാം,
ക്ലാസിൽ പ്രദർശിപ്പിക്കാം.
നമുക്കും പൂക്കളാകാം എന്ന പ്രവർത്തനത്തിൽ നൽകിയിരിക്കുന്ന
പൂക്കളുടെ വിവരങ്ങളും നിങ്ങൾ വരച്ച ചിത്രങ്ങളും ചേർത്ത് ചുമർപത്രിക തയ്യാറാക്കി
ക്ലാസിൽ പ്രദർശിപ്പിക്കൂ.
9. മലർമാല കോർക്കാം
പൂക്കളെക്കുറിച്ചുള്ള കവിതകൾ ക്ലാസ് ലൈബ്രറിയിൽ നിന്നും അടുത്തുള്ള
വായനശാലയിൽ നിന്നും കണ്ടെത്തി നോട്ടുപുസ്തകത്തിൽ പകർത്തു. ക്ലാസിൽ ആ കവിതകൾ സംഘമായി
ചൊല്ലണം. വായനാവാരവുമായി ബന്ധപ്പെട്ട പരിപാടികളിൽ ഈ കവിതകൾ അവതരിപ്പിക്കുമല്ലോ.
പൂക്കവിതകൾ (Flower Poems)
നോവിക്കല്ലേ — സുഗതകുമാരി
കുഞ്ഞുപൂവൊന്നു മുറ്റത്തുനിന്നു
പിച്ച വെയ്ക്കുന്ന പിഞ്ചുകുഞ്ഞപോൽ
കൊച്ചുപൂവിനെ നോക്കിച്ചിരിച്ചു
ഉണ്ണിക്കൈകൊണ്ടു മെല്ലെത്തലോടി
ഉണവച്ചിതാ പൂവിന്റെ കണ്ണിൽ
പിച്ചിടല്ലേ പറിച്ചെടുക്കല്ലേ
കൊച്ചുപൂവിനെ നോവിച്ചിടല്ലേ
തുമ്പപ്പൂവേ — ഗോതുരുത്ത് ജോസ്
കണ്ടാലിമ്പം തോന്നണപൂവേ,
തുമ്പപ്പൂവേ, വെൺപൂവേ,
ഉണ്ടേ, നിന്നോടൂരിയാടിടാൻ
പണ്ടേയുള്ളൊരു ചെറുകാര്യം!
വെണ്ണക്കല്ലു കനിഞ്ഞുപകർന്നോ
വെളളപ്പട്ടിൻ കുപ്പായം?
വെന്തിങ്കൾപാൽ നോട്ടിനുകർന്നോ
നിൻമേനി ക്കി, വെൺചായം?
ആരാണൻപൻ, ചീ, നിറമേകി
തുമ്പപ്പൂവേ, വെൺപൂവേ,
പൈതലിനുള്ളൊരു മാനസമാണോ
തുമ്പപ്പൂവേ, നിന്നുള്ളം?
പൂക്കൾ — തിരുനല്ലൂർ കരുണാകരൻ
രണ്ടാം വരിയിൽച്ചുവണ്ടപ്പൂ
മൂന്നാം വരിയിൽ മുല്ലപ്പൂ
നാലാം വരിയിൽ പാലപ്പൂ
അഞ്ചിലുമാറിലുമാമ്പൽപ്പൂ-
ഏഴിലുമെട്ടിലുമെള്ളിൻപ്പൂ
ഒമ്പതിൽ വെള്ളത്തുമ്പപ്പൂ
പത്താം വരിയിൽ മത്തപ്പൂ
കൊങ്ങിണിപ്പൂ — വൈലോപ്പിള്ളി ശ്രീധരമേനോൻ
കിങ്ങിണിച്ചെമണിപ്പൂവല്ലോ.
കൊച്ചുക്കിളികൾ കൊറിക്കുമൊക്കായകൾ
പച്ചമരതകമുത്തല്ലോ.
വേലിപ്പുറത്തു നാം നിർത്തുമെന്നാലുമീ
വേഷയെ- മൂർച്ചെടിയാണല്ലോ.
ഓണമായ് മുറ്റത്തു പൂവിടാൻ നമ്മൾക്കു
വേണമിതിൻ മലരാവോലം.
കുങ്കുമച്ചേലൊപ്പും പൂക്കളെ തീർക്കുവാൻ
കൊങ്ങിണിപോലൊരു പൂവുണ്ടോ?
10. ഒരു തൈ നടാം....
പാഠപുസ്തകം പേജ് 12 ലെ കവിതാഭാഗം വായിക്കൂ. കവിതയിൽ
എന്തെല്ലാം കാര്യങ്ങളാണ് പറയുന്നത്?
ഉത്തരമാതൃക: സുഗതകുമാരി എഴുതിയ മനോഹരമായ കവിതയാണ് ഒരു
തൈ നടാം. തൈ നടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഇതിൽ പറയുന്നത്.
അമ്മയ്ക്കുവേണ്ടി നമുക്ക് ഒരു തൈ നടാം. കൊച്ചുമക്കൾക്കുവേണ്ടി തൈ നടാം. നൂറു
കിളികൾക്കുവേണ്ടി തൈ നടാം. നല്ല നാളേക്കുവേണ്ടി ഒരു തൈ നടാം. അമ്മയ്ക്കുവേണ്ടി
എന്നു പറയുമ്പോൾ അമ്മയും ഭൂമിയും കടന്നുവരും. വരാൻപോകുന്ന തലമുറകൾക്കായി ഇന്ന് നാം
തൈകൾ നടണം. മനുഷ്യർക്കുവേണ്ടി മാത്രമല്ല കിളികൾക്കുവേണ്ടിക്കൂടിയാണ് തൈകൾ
നടുന്നത്. ഫലങ്ങളും തണലും തണുപ്പും ശുദ്ധവായുവും മഴയും എല്ലാം നൽകുന്ന മരങ്ങൾ നല്ല
ഭാവിക്കുവേണ്ടി നാം നട്ടു വളർത്തണം എന്ന ആശയമാണ് കവയിത്രി പങ്കുവെക്കുന്നത്. 'ആഗോളതാപനത്തിന്
ഉത്തരം മരങ്ങൾ' എന്ന മുദ്രാവാക്യം ഇവിടെ ഓർക്കാം.

0 Comments