Class 7 Notes | Kerala Padavali | Malayalam I | Unit 1 ഇളംകാറ്റ് തെല്ലൊന്ന് തൊട്ടുവന്നാൽ | Chapter 1 ഭൂമിക്കുവേണ്ടിയുള്ള ലാവണ്യ ദൃശ്യോത്സവം Questions & Answers

 



പ്രവേശക പ്രവർത്തനം

കവിതയിലെ ആശയം തന്നെയാണോ കവിതയോടൊപ്പം ഉള്ള ചിത്രത്തിലുള്ളത്? മഴത്തുള്ളി തൊട്ടപ്പോഴുണ്ടായ ഇന്ദ്രജാലം എന്തായിരുന്നു? ചർച്ച ചെയ്യുക.

 ഉത്തരമാതൃക: ഉണങ്ങിപ്പോയ മരത്തിൽ മഴത്തുള്ളികൾ വീഴുന്ന ദൃശ്യമാണ് ചിത്രത്തിലുള്ളത്. ഉണങ്ങിയ മരത്തിൽ തളിരിലകൾ പൊട്ടിച്ചുവരുന്നതും കാണാം. ഉണങ്ങിച്ചുള്ളിഞ്ഞ് കരിഞ്ഞ് ദ്രവിക്കാറായ മരത്തിൽ മഴത്തുള്ളി പതിച്ചപ്പോൾ അതിലെല്ലാം തളിരിലകൾ കുരുത്ത അത്ഭുതകരമായ മാറ്റമാണ് കവിതയിലുള്ളത്. അങ്ങനെ കവിതയും ചിത്രവും ആശയപരമായി ചേർന്നുനിൽക്കുന്നു.

പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും

1. വായിക്കാം, കണ്ടെത്താം

  • മൂന്നാർ മലനിരകളിലെ പൂക്കളുടെ നൃത്തത്തിൽ എന്തെല്ലാമാണുള്ളത്?

    ഉത്തരമാതൃക: മൂന്നാർ മലനിരകളിലെ പൂക്കളുടെ നൃത്തത്തിൽ സംഗീതമുണ്ട്. ആയിരക്കണക്കിന് വണ്ടുകളുടെയും തേനീച്ചകളുടെയും ചെറിയ ശബ്ദത്തിലുള്ള മൂളലുണ്ട്. തുമ്പികളുടെയും ചിത്രശലഭങ്ങളുടെയും ചെറുകിളികളുടെയും ചിറകിലക്കങ്ങളുടെ താളമുണ്ട്. ഇളംകാറ്റിന്റെ തഴുകലുണ്ട്. വനദേവതമാരുടെയോ ചെറുചോലകളുടെയോ മധുരസ്വരത്തിലുള്ള ചിരികളുണ്ട്.
  • എഴുത്തുകാരി എല്ലാമറന്നു നിന്നുപോയത് എന്തെല്ലാം കണ്ടിട്ടായിരുന്നു?

    ഉത്തരമാതൃക: കുറിഞ്ഞിപ്പൂക്കളിലെ തേൻ നുകർന്നുനുകർന്ന് ലഹരിപിടിച്ച വണ്ടുകൾ ഇതളുകളിൽത്തന്നെ ചേർന്നുറങ്ങുന്നു. അവയുടെ നീലക്കറുപ്പ് ശരീരമാകെ മഞ്ഞപ്പൊടി പൂശിയിരിക്കുന്നു. വായുവിൽ അനിർവ്വചനീയമായൊരു സുഗന്ധം നിറഞ്ഞു വിളസുന്നു. ആ വലിയ മലഞ്ചെരിവുകൾ മുഴുവൻ വസന്തം വന്നുനിന്ന് ആഹ്ലാദനൃത്തം ചവിട്ടുന്നതുപോലെ എഴുത്തുകാരിക്ക് തോന്നി. ഈ സൗന്ദര്യലോകത്തിലാണ് കണ്ണുകൾ കുമ്പി എല്ലാമറന്ന് ഏറെനേരം എഴുത്തുകാരി നിന്നുപോയത്.
  • കുറിഞ്ഞിച്ചെടികൾ നീണ്ട തപസ്സിലാണെന്ന് പറയുവാൻ കാരണമെന്ത്?

    ഉത്തരമാതൃക: ഒരു പുഷ്പോത്സവം കഴിഞ്ഞാൽ നീലക്കുറിഞ്ഞിപ്പൂക്കളെല്ലാം ഉണങ്ങിക്കൊഴിഞ്ഞുപോകുുന്നു. ചെടികളെല്ലാം അലങ്കാരങ്ങൾ ഒഴിച്ച് ഉണങ്ങിനിൽക്കുന്നു. മലഞ്ചെരിവുകൾ ശൂന്യമായിത്തീരുന്നു. എല്ലാം നിശ്ചലവും നിശ്ശബ്ദവുമാകുന്നു. എന്നാൽ നാമറിയാതെ ആ പൂക്കളെല്ലാം മണ്ണിൽ വിത്തെറിഞ്ഞിട്ടുണ്ട്. മണ്ണിനടിയിൽ അവയെല്ലാം കാത്തുകിടക്കുന്നു. ഇനി പന്ത്രണ്ടുവർഷം കഴിയണം പൂക്കൾ വിരിയാൻ. അതുവരെ നീണ്ട കാത്തിരിപ്പിലാണ്. അതുകൊണ്ടാണ് നീണ്ട തപസ്സിലാണ് കുറിഞ്ഞിച്ചെടികൾ എന്നു പറയുന്നത്.
  • "ഈ മനോഹാരിത നമുക്കുവേണ്ടിയല്ല" - പിന്നെ ആർക്കൊക്കെ വേണ്ടിയാണ്?

    ഉത്തരമാതൃക: എല്ലാം നശിപ്പിക്കുന്നവർക്കുവേണ്ടിയല്ല, പ്രകൃതിയെ പൂജിക്കുന്നവർക്കുവേണ്ടിയാണ് നീലക്കുറിഞ്ഞികളുടെ ഈ മനോഹാരിത. തേനീച്ചകൾക്കുവേണ്ടി, ശലഭങ്ങൾക്കും വണ്ടുകൾക്കും തുമ്പികൾക്കും നമ്മുടെ കണ്ണുകൊണ്ട് കാണാനാവാത്ത കോടിക്കണക്കിനു പ്രാണികൾക്കും വേണ്ടി, ഭൂമിയെ അമ്മയ്ക്കുവേണ്ടിയൊക്കെയുമാണ് ഈ ലാവണ്യദൃശ്യോത്സവം എന്നാണ് സുഗതകുമാരി പറയുന്നത്.

    2. ചർച്ച ചെയ്യാം, എഴുതാം
  • "ആ മനോഹരദൃശ്യം കാണാൻ നിങ്ങൾ ഒരിക്കൽ പോകണം." എന്തെല്ലാം കാഴ്ചകളാണ് നിങ്ങൾ അവിടെ കാണാൻ ആഗ്രഹിക്കുന്നത്?

    ഉത്തരമാതൃക: മഞ്ഞുമൂടിയ മലനിരകൾ, തേയിലത്തോട്ടങ്ങൾ, അരുവികൾ എന്നിവ കാണാനും അവിടുത്തെ തണുപ്പ് അനുഭവിക്കാനും ആഗ്രഹമുണ്ട്. മൂന്നാർ മലനിരകളിൽ ലക്ഷം ലക്ഷം കുറിഞ്ഞിപ്പൂക്കൾ നീലക്കടൽപോലെ വിരിഞ്ഞുനിൽക്കുന്നത് കാണാനും ആഗ്രഹമുണ്ട്. പ്രകൃതിയുടെ ഉത്സവമാണ് കുറിഞ്ഞിപ്പൂക്കുന്ന കാലം. കാറ്റുവീശുമ്പോൾ തിരയടിച്ച കുന്നുപോലെ നീലക്കുറിഞ്ഞിപ്പൂക്കൾ ഒന്നിച്ചു നൃത്തം വയ്ക്കുന്നതും മൂന്നാർ മലനിരകളിൽ മേഞ്ഞുനടക്കുന്ന വരയാടുകളെ കാണാനും കൊതിയുണ്ട്. മൂന്നാറിലെ പ്രകൃതിഭംഗിയിൽ കൂട്ടുകാർക്കൊപ്പം ഓടിക്കളിക്കാനും ആഗ്രഹമുണ്ട്.
  • "പുഷ്പോത്സവം കഴിഞ്ഞാൽ പൂക്കളെല്ലാം മറഞ്ഞു പോകുന്നു." പിന്നീട് എന്തൊക്കെയാണ് സംഭവിക്കുന്നത്?

    ഉത്തരമാതൃക: പുഷ്പോത്സവം കഴിഞ്ഞാൽ പൂക്കളെല്ലാം മറഞ്ഞുപോകുന്നു. തുമ്പികളും പൂമ്പാറ്റകളും വണ്ടുകളുമെല്ലാം പറന്നകലുന്നു. ചെടികളെല്ലാം അലങ്കാരങ്ങൾ ഉഴിച്ച് ഉണങ്ങി നിൽക്കുന്നു. മലഞ്ചെരിവുകൾ ശൂന്യമായിത്തീരുന്നു. എല്ലാം നിശ്ചലവും നിശ്ശബ്ദവുമാകുന്നു. ഉത്സവം കഴിഞ്ഞ ഒരു പ്രതീതി അനുഭവപ്പെടുന്നു എന്നാണ് എഴുത്തുകാരി ഇവിടെ കുറിക്കുന്നത്. പക്ഷേ, ആ പൂക്കളെല്ലാം മണ്ണിൽ വിത്തെറിഞ്ഞുകഴിഞ്ഞു. ഇനിയൊരു പന്ത്രണ്ടുവർഷം കഴിഞ്ഞ് പൂക്കാനായി മണ്ണിനടിയിൽ അവ കാത്തുകിടക്കുന്നു.
  • "പ്രകൃതിയൊരുക്കുന്ന ഈ മനോഹാരിത" ആസ്വദിക്കാൻ നാം എന്തെല്ലാമാണ് ചെയ്യേണ്ടത്?
  • കാട്ടുരുവികളും പുഴകളും മലകളും സംരക്ഷിക്കാം.
  • ഉള്ള കാടുകൾ എന്തുവിലകൊടുത്തും നിലനിർത്താം.
  • ആഗോളതാപനം ഭൂമിയെ ആകെ വിഴുങ്ങാൻ നിൽക്കുന്ന ഭൂതമായതുകൊണ്ട് അതിനെതിരെയുള്ള മഹായുദ്ധത്തിൽ നമുക്ക് പങ്കുചേരാം.
  • ശാസ്ത്രീയമായ മാലിന്യസംസ്കരണം ശീലമാക്കാം.
  • കിട്ടുന്ന മഴവെള്ളവും അവശേഷിക്കുന്ന കുളിരും കാത്തുസൂക്ഷിക്കാൻ നമ്മളാൽ കഴിയുന്നത് ചെയ്യാം.
  • മണ്ണിലെ ജലാംശം വലിച്ച് പുറത്തുകളയുന്ന കൃഷിരീതി ഉപേക്ഷിക്കാം.
  • ഗതാഗതത്തിന് മലിനീകരണം കുറവുള്ള ജലപാതകളും വൈദ്യുതി ഉപയോഗിക്കുന്ന വഴികളും കൂടുതലായി ഉപയോഗിക്കാം.
  • മണ്ണും വായുവും ജലവും ഒരുപോലെ മലിനമാക്കുന്ന വലിയ വ്യവസായങ്ങൾക്കു പകരം നമ്മുടെ പ്രകൃതിക്കും ചുറ്റുപാടിനും പറ്റിയ വ്യവസായങ്ങൾ സ്വീകരിക്കാം.
  • 3. ചേർത്തു ചേർത്തു വയ്ക്കുമ്പോൾ
  • "അവയുടെ നീലക്കറുപ്പുമെയ്യാകെ മഞ്ഞപ്പൊടി പൂശിയിരിക്കുന്നു."
  • മെയ്യാകെ
    • കറുപ്പു മെയ്യാകെ
     • നീലക്കറുപ്പു മെയ്യാകെ
    വണ്ടിന്റെ ശരീരത്തെ വിശേഷിപ്പിക്കുന്ന പദങ്ങളാണല്ലോ കറുപ്പും നീലക്കറുപ്പും. ഭാഷാപ്രയോഗത്തിൽ ഇത്തരം വിശേഷണപദങ്ങൾ നൽകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?

    ഉത്തരമാതൃക: ഏതെങ്കിലും ഒരു പദത്തെ പ്രത്യേകം വിശേഷിപ്പിക്കുന്നതിനെ വിശേഷണം എന്നു പറയുന്നു. നീലക്കറുപ്പ് മെയ്യാകെ മഞ്ഞപ്പൊടി പൂശിയിരിക്കുന്നു എന്ന വാക്യത്തിൽ മെയ്യ് എന്ന പദത്തെ നീല, കറുപ്പ് എന്നീ പദങ്ങൾകൊണ്ടും പൂമ്പൊടിയെ മഞ്ഞ എന്ന പദംകൊണ്ടും വിശേഷിപ്പിച്ചിരിക്കുന്നു. ഇത്തരം വിശേഷണങ്ങൾ പദത്തിനും ആശയത്തിനും കൂടുതൽ ഭംഗി നൽകുന്നു. അവ തരിപ്പിക്കുന്ന ആശയത്തിന്റെ/സന്ദർഭത്തിന്റെ മിഴിവാർന്ന ചിത്രം വായനക്കാരുടെ മനസ്സിൽ പതിയാൻ ഇത്തരം വിശേഷണങ്ങൾ സഹായിക്കുന്നു.
  • 4. പുഷ്പോത്സവം സംഘടിപ്പിക്കാം
  • "പാഠപുസ്തകം പേജ് 10 ൽ കൊടുത്തിരിക്കുന്ന വാർത്ത വായിക്കൂ. ഈ വാർത്തയെക്കുറിച്ച് ചർച്ച ചെയ്യുക. ഇത്തരം ഉത്സവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അഭിപ്രായക്കുറിപ്പ് എഴുതുക.
    ഉത്തരമാതൃക: തലസ്ഥാനനഗരിയിൽ ഒരുക്കുന്ന വസന്തോത്സവത്തിന്റെ വാർത്ത ആ ഉത്സവത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. വസന്തോത്സവം എന്നത് വ്യത്യസ്തമായ ഒരു ആഘോഷരീതിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും പലതരത്തിലുള്ള ചെടികളും പൂക്കളും കാണാനും ആസ്വദിക്കാനും പുഷ്പോത്സവങ്ങൾ സഹായിക്കുന്നു. മരങ്ങളെക്കുറിച്ചും ചെടികളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും മണ്ണിലനറിവിനെക്കുറിച്ചും മനസ്സിലാക്കാൻ ഇത്തരം സന്ദർഭങ്ങൾ പ്രയോജനപ്പെടും. സ്വന്തം വീട്ടിൽ ചെടികൾ നട്ടുപിടിപ്പിച്ച് പരിപാലിക്കാൻ കുട്ടികളിൽ താല്പര്യം ജനിപ്പിക്കാനും ഇവ സഹായകരമാണ്. പൂക്കളും ചെടികളും നിറഞ്ഞ ഭൂമി എത്ര മനോഹരമാണ് എന്ന തിരിച്ചറിവും ഉണ്ടാക്കുന്നു. ഭൂമിയുടെ പച്ചപ്പും പൂക്കൾ നൽകുന്ന സൗന്ദര്യവും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട് എന്ന സത്യവും ഈ ഉത്സവങ്ങൾ പകർന്നു നൽകുന്നു. ചെടികളും പൂക്കളും ഇനിയും ഇനിയും ഇത്തരം ആഘോഷങ്ങളും ഉത്സവങ്ങളും ഉണ്ടാവട്ടെ.

 

5. "നിങ്ങൾ സംഘടിപ്പിച്ച പുഷ്പോത്സവത്തെക്കുറിച്ച് പത്രവാർത്ത തയ്യാറാക്കുക."

മാതൃക:

പൂക്കളുടെ വസന്തമൊരുക്കി പുഷ്പോത്സവം പുത്തൻകുന്ന്: പുത്തൻകുന്ന് യു.പി. സ്കൂളിൽ പൂക്കളുടെ വസന്തമൊരുക്കി പുഷ്പോത്സവം നടന്നു. പ്രകൃതിസ്നേഹവും പരിസ്ഥിതി സ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുഷ്പോത്സവം സംഘടിപ്പിച്ചത്. നൂറുകണക്കിന് ആളുകളാണ് പുഷ്പോത്സവം ആസ്വദിക്കാനെത്തിയത്. ബോഗൺവില്ല, ജമന്തി, ഡാലിയ, ആന്തൂറിയം, റോസ്, ബോൾസം, ചെണ്ടുമല്ലി, ചെത്തി ഇങ്ങനെ നീളുന്നു പൂക്കളുടെ നിര. സ്കൂളിലും വീടുകളിലുമായി കുട്ടികൾ നട്ടുവളർത്തിയ ചെടികളാണ് പുഷ്പമേളയിൽ പ്രദർശിപ്പിച്ചത്. പുഷ്പമേളയോടനുബന്ധിച്ച് ചിത്രരചനാമത്സരം, പൂക്കളെക്കുറിച്ചുള്ള ക്വിസ് മത്സരം, പൂച്ചെണ്ട് നിർമ്മാണം തുടങ്ങിയവയും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.


Post a Comment

0 Comments