പ്രവേശക പ്രവർത്തനം
'മനുഷ്യരോടുള്ള ആദരവിലാണ് യഥാർത്ഥ സംസ്കാരം നിലകൊള്ളുന്നത്.' സ്വാഭിപ്രായം എഴുതി, ചർച്ച നടത്തു.
ചർച്ചാസൂചനകൾ
- സ്വർഗ്ഗത്തേക്കാൾ
ഉയർന്ന പദവിയാണ് ഇക്ബാൽ മനുഷ്യന് നൽകുന്നത്.
- ജാതിക്കും
മതത്തിനും വർഗ്ഗത്തിനും വർണ്ണത്തിനും ഭാഷയ്ക്കും ദേശത്തിനും മുകളിൽ മനുഷ്യൻ
മനുഷ്യനോടുള്ള സ്നേഹം ഉയർത്തിപ്പിടിക്കുമ്പോഴാണ് നാം സ്വർഗ്ഗത്തേക്കാൾ
ഉന്നതമായ പദവിയിലെത്തുക.
- എല്ലാ
മനുഷ്യരെയും സമഭാവനയോടെ കാണുകയും പരിഗണിക്കുകയും ചെയ്യുന്നത് അവരെ
ആദരിക്കുന്നതിനു തുല്യമാണ്. പരസ്പരം ആദരിക്കുന്ന ഒരു സമൂഹത്തിലാണ് യഥാർത്ഥ
സംസ്കാരം നിലകൊള്ളുന്നത്.
- പരസ്പരസ്നേഹവും
ബഹുമാനവും മൂല്യബോധവും നിലനിൽക്കുന്ന സമൂഹത്തിൽ ജീവിതം മനോഹരമായ
ഗാനംപോലെയാകും. ആ ഗാനത്തിലെ മനോഹരമായ താളമായി മനുഷ്യർ മാറുന്നു.
പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും
1. വായിക്കാം, ചൊല്ലാം കവിത ഇഷ്ടമായോ? വ്യക്തിഗതമായി വായിക്കുക.
കവിതയ്ക്ക് അനുയോജ്യമായ ഈണം, താളം എന്നിവ കണ്ടെത്തി സംഘമായി
ചൊല്ലി അവതരിപ്പിക്കുക. കൃഷ്ണഗാഥയുടെ ഈണത്തിലാണ് (മഞ്ജരി വൃത്തത്തിൽ) ഈ കവിത
രചിച്ചിരിക്കുന്നത്. മറ്റ് ഈണങ്ങൾ കണ്ടെത്താൻ ശ്രമിക്കുമല്ലോ. ഒറ്റയ്ക്കും
കൂട്ടായും കവിത ചൊല്ലി അവതരിപ്പിക്കൂ.
2. കണ്ടെത്താം, പറയാം 'പൂക്കളേ,
പൂക്കളേ, നിങ്ങൾക്കെൻ കൂപ്പുകൈ പാർക്കുകിൽ
നിങ്ങളെൻ ദേവതമാർ' പൂക്കളെ ദേവതകളായി കവി സങ്കല്പിച്ചത്
എന്തുകൊണ്ടാണ്? കണ്ടെത്തലുകൾ ഓരോരുത്തരായി ക്ലാസിൽ
പങ്കുവയ്ക്കുക.
ഉത്തരമാതൃക: പൂക്കളെ ദേവതകളായിട്ടാണ്
കവി സങ്കല്പിക്കുന്നത്. ലോകത്തിന് നന്മയും ഐശ്വര്യവും സന്തോഷവും പകർന്നു
നൽകുന്നവരാണ് ദേവതമാർ. അതുപോലെയാണ് പൂക്കളും. സുഗന്ധം കൊണ്ടും മനോഹാരിത കൊണ്ടും
മധുരമായ തേൻ നൽകിയും പൂക്കൾ നമ്മെ സന്തോഷിപ്പിക്കുന്നു. ദേവനെ പൂജിക്കാനും
തലയിലണിയാനും മംഗളകർമ്മങ്ങൾക്കും വീരന്മാർക്ക് ചാർത്താനും എല്ലാം നാം പൂക്കൾ
ഉപയോഗിക്കാറുണ്ട്. ചെറിയ ജീവിതം കൊണ്ട് ഭൂമിയിൽ ഒട്ടേറെ മഹത്വമുള്ള കാര്യങ്ങൾ
പൂക്കൾ ചെയ്യുന്നു. അതുകൊണ്ടാണ് ദേവതമാർക്കു തുല്യമായ സ്ഥാനം കവി പൂക്കൾക്കു
നൽകുന്നത്.
3. അഭിപ്രായക്കുറിപ്പ്
- 'സ്വതേ,
മനുഷ്യർ സുന്ദരന്മാരാണ്; സുന്ദരികളുമാണ്.'
- ഉറൂബ്
- ഒന്നല്ലി
നാമായി സഹോദരരല്ലിപ്പൂവേ?
ഒന്നല്ലി കൈയിഹ രചിച്ചതു നമ്മെയെല്ലാം. - കുമാരനാശാൻ - 'നിന്നുടെ
ജീവിതം മോശമാണെന്നല്ലി ഞാൻ ചൊന്നതെന്നോമനേ മാപ്പു നൽകൂ!' - ഉള്ളൂർ
ഓരോന്നിനും ഭൂമിയിൽ അതിന്റേതായ സൗന്ദര്യവും സ്ഥാനവുമുണ്ട്.
മുകളിൽ കൊടുത്തിട്ടുള്ള വാക്യവും വരികളും വിശകലനം ചെയ്ത് സ്വാഭിപ്രായം
രേഖപ്പെടുത്തുക.
ഉത്തരമാതൃക: ഓരോന്നിനും ഓരോ വ്യക്തിക്കും ഭൂമിയിൽ അതിന്റേതായ സ്ഥാനവും
സൗന്ദര്യവുമുണ്ട്. അത് തിരിച്ചറിയുക എന്നതാണ് പ്രധാനം. മനുഷ്യരെല്ലാം സ്വതേ
സുന്ദരികളും സുന്ദരന്മാരുമാണ് എന്ന് ഉറൂബ് പറയുന്നു. ഒരു തരത്തിൽ അല്ലെങ്കിൽ
മറ്റൊരു തരത്തിൽ എല്ലാവർക്കുമുണ്ട് സൗന്ദര്യമുണ്ട്. സൗന്ദര്യം എന്നത്
ബാഹ്യസൗന്ദര്യം മാത്രമല്ല, ഉള്ളിലുള്ള നന്മയുടെ സൗന്ദര്യമാണ്.
മറ്റുള്ളവരിലെ നന്മ കാണാനുള്ള കണ്ണുണ്ടാകുമ്പോൾ ചുറ്റും സൗന്ദര്യവും നന്മയും
കണ്ടെത്താൻ സാധിക്കും. നാം ഒന്നാണ്. എല്ലാവരെയും സൃഷ്ടിച്ചത് ഒരേ ഈശ്വരനാണ്.
അതുകൊണ്ട് നമ്മളെല്ലാം സഹോദരരാണ് എന്നാണ് കുമാരനാശാൻ പറയുന്നത്. ഭൂമിയിൽ എല്ലാം
പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതിക്കു വലുപ്പച്ചെറുപ്പങ്ങളില്ല. പൂവിനും
മനുഷ്യനുമെല്ലാം തുല്യസ്ഥാനമാണുള്ളത്. എല്ലാറ്റിനെയും പരിഗണിക്കാനും തുല്യമായി
കാണാനും നമുക്കു സാധിക്കണം എന്നാണ് കവി ഓർമ്മിപ്പിക്കുന്നത്. പൂവിന്റെ ജീവിതം
മോശമാണെന്നു പറഞ്ഞതിൽ ഖേദിക്കുന്ന കവിയെ പനിനീർപ്പൂവ് എന്ന കവിതയിൽ കാണാം.
ആദ്യകാഴ്ചയിൽ പൂവിന്റെ ജന്മം മൂല്യമില്ലാത്തതാണെന്നു കവിക്കു തോന്നുന്നു. എന്നാൽ ആ
തോന്നൽ വലിയ തെറ്റായിരുന്നു എന്ന് മനസ്സിലാക്കി തിരുത്തുകയാണ് കവി. ആരുടെയെയും
ജീവിതത്തെ വലുപ്പച്ചെറുപ്പങ്ങളുടെ പേരിൽ വേർതിരിക്കാൻ നമുക്ക് അവകാശമില്ല. ഈ
തിരിച്ചറിവ് ഉണ്ടായപ്പോൾ കവി പൂവിനോട് മാപ്പ് ചോദിക്കുകയാണ്. ഭൂമിയിലെ ഓരോന്നിനും
അതിന്റേതായ മൂല്യമുണ്ട്. മനുഷ്യന്റേതു മാത്രമല്ല ഭൂമി. പുല്ലിനും പുഴുവിനും
അതിന്റേതായ അവകാശമുണ്ട്. പൂക്കളും മരങ്ങളും ചെടികളും ജീവജാലങ്ങളും മനുഷ്യനും
ഇഴയടുപ്പത്തോടെ ജീവിക്കുമ്പോൾ ഭൂമി സുന്ദരമാകും.
4. വ്യാഖ്യാനിക്കാം
'തെറ്റെന്നു
വിണ്ടുമുളപ്പൂവിനോടോതിനാേൻ തെറ്റിപ്പോയ് ഞാനൊരു ബുദ്ധിഹീനൻ'
താൻ ബുദ്ധിഹീനനാണെന്ന് കവി പറയാനിടയായ സാഹചര്യം എന്താണ്? പിന്നീട് കവിയുടെ ചിന്തയിലുണ്ടായ മാറ്റങ്ങൾ എന്തെല്ലാം? ഈ ചിന്തകൾ പനിനീർപ്പൂവിനെക്കുറിച്ച് മാത്രമാണോ? കവിത
വ്യാഖ്യാനിച്ച് കുറിപ്പ് തയ്യാറാക്കുക.
ഉത്തരമാതൃക: പനിനീർപ്പൂവ് ആദ്യം കണ്ടപ്പോൾ കവി ചിന്തിച്ചത് ആ പൂവിന്റെ
ജീവിതം വളരെ നിസ്സാരമാണെന്നാണ്. പൂവിനോട് നിന്റെ ജീവിതം എത്ര മോശമാണ് എന്ന്
പറയുകയും ചെയ്തു. നാളെ മണ്ണിൽ വീണ് നശിക്കും എന്നതുകൊണ്ടാണ് പൂവിന്റെ ജീവിതം
നിസ്സാരമെന്ന് കവി വിചാരിച്ചത്. കവിയുടെ ഈ വിചാരങ്ങളെ വിലങ്ങനെ തലയാട്ടി പൂവ്
നിഷേധികുന്നതുകൊണ്ട്. എന്നാൽ പിന്നീട് ചിന്തിച്ചപ്പോൾ താനൊരു ബുദ്ധിഹീനനാണെന്നു
കവിക്കുതോന്നി. ആഴത്തിൽ ചിന്തിച്ചപ്പോഴാണ് പൂവിന്റെ ജീവിതത്തിന്റെ മഹത്വം കവിക്ക്
മനസ്സിലായത്. മരുഭൂമിയെ പൂങ്കാവനമാക്കുന്നത് പൂക്കളാണ്. സുഗന്ധവും നറുതേനും
നൽകുന്നവരാണ് പൂക്കൾ. മനോഹാരിത കൊണ്ട് പൂവ് നമ്മുടെ കണ്ണിന് ആനന്ദം നൽകുന്നു.
തലയിൽ ചൂടാനും വീരന്മാർക്ക് ചാർത്താനും മംഗള കർമ്മങ്ങൾക്കും പൂക്കൾ
ഉപയോഗിക്കുന്നു. ഐശ്വര്യവും നന്മയും പകർന്നു നൽകുന്ന പൂക്കൾ ദേവതമാരാണ് എന്ന് കവി
അവസാനം പറയുന്നു.
കവിയുടെ ഈ ചിന്തകൾ പനിനീർപ്പൂവിനെക്കുറിച്ച് മാത്രമല്ല, മനുഷ്യരുൾപ്പെടെയുള്ള
എല്ലാ ജീവജാലങ്ങളെയും ഈ ചിന്തയോട് കൂട്ടിയിണക്കാം. നിസ്സാരമായിട്ടുള്ള ഒന്നും ഈ
ഭൂമിയിലില്ല. എല്ലാറ്റിനും അതിന്റേതായ സ്ഥാനവും മൂല്യവുമുണ്ട്. മനുഷ്യരുടെ
കാര്യത്തിലും ഇതു പ്രസക്തമാണ്. എല്ലാ മനുഷ്യരിലും നന്മയുണ്ട്, കഴിവുകളുമുണ്ട്. ആരും വിലയില്ലാത്തവരല്ല. ബാഹ്യമായ കാഴ്ച യഥാർത്ഥമല്ല
എന്നതാണ് സത്യം. എല്ലാറ്റിന്റെയും മൂല്യം തിരിച്ചറിയാനുള്ള മനസ്സ്
നമുക്കുണ്ടാകണമെന്നാണ് കവി സൂചിപ്പിക്കുന്നത്. മറ്റുള്ളവരിലെ നന്മയും മൂല്യവും
മനസ്സിന്റെ സൗന്ദര്യവും കാണാനുള്ള കണ്ണും മനസ്സും ഉണ്ടാവുകയാണ് പ്രധാനം.
5. കാവ്യഭംഗി കണ്ടെത്താം
- 'പാടുന്ന
വണ്ടുകൾക്കൊപ്പമായ്ത്തെന്നലീ- ലാടുന്ന നിങ്ങളെയൊർ മറക്കും?'
- 'പാണിയാൽ
സ്പർശിച്ചാലെന്തൊരു മാർദ്ദവം! വേണിയിൽ ചൂടിയാലെന്തൊരു ഭംഗി'
വരികൾ ചൊല്ലിനോക്കൂ. കവിതയ്ക്ക് ഭംഗി നൽകുന്ന എന്തെല്ലാം
സവിശേഷതകളാണ് ഈ വരികളിലുള്ളത്? കൂടുതൽ വരികൾ കാവ്യഭാഗത്തു നിന്നു
കണ്ടെത്തി അവതരിപ്പിക്കൂ.
ഉത്തരമാതൃക: പാടുന്ന, ആടുന്ന, പാണി, വേണി എന്നിങ്ങനെ വരികളിലെ രണ്ടാമത്തെ അക്ഷരം
ആവർത്തിക്കുന്നത് ശബ്ദഭംഗിയും ചൊല്ലഴകും വർദ്ധിപ്പിക്കുന്നു.
ദ്വിതീയാക്ഷരപ്രാസം എന്നാണ് ഇതിനു
പറയുന്നത്. പാടുന്ന, ആടുന്ന, പാണിയാൽ, വേണിയിൽ
തുടങ്ങിയ ഉച്ചാരണസാമ്യമുള്ള പദങ്ങളും കവിതയുടെ ചൊല്ലഴക് വർദ്ധിപ്പിക്കുന്നു.
പൂവിന്റെ മാർദ്ദവവും മനോഹാരിതയും വായനക്കാരുടെ മനസ്സിൽ പതിയുന്ന രീതിയിലാണ്
കവിയുടെ വർണ്ണന.
കൂടുതൽ വരികൾ:
ഏതൊരു പാഴ്മണൽക്കാടു താൻ നിങ്ങളാൽ- പൂതമായ് നന്ദനമാകുന്നു!
മരുഭൂമി പോലും പൂക്കൾ നിറഞ്ഞ് ഉദ്യാനമായി മാറുന്ന വർണ്ണന
മനോഹരമാണ്. ശബ്ദഭംഗിയും അർത്ഥഭംഗിയും നിറഞ്ഞ വരികളാണിവ. വരികളിൽ രണ്ടാമത്തെ അക്ഷരം
ആവർത്തിക്കുന്നത് ശബ്ദഭംഗിയും പൂതമായ നന്ദനം, പാഴ്മണൽക്കാടുകൾ തുടങ്ങിയ പ്രയോഗങ്ങൾ
കവിതയുടെ ചൊല്ലഴകും വർദ്ധിപ്പിക്കുന്നു.
6. ആസ്വാദനക്കുറിപ്പ്
- പനിനീർപ്പൂവ്
എന്ന കവിതയിലെ ആശയം, ശബ്ദഭംഗി, പ്രയോഗം,
സാദൃശ്യപ്പെടുത്തലുകൾ എന്നിവ ഉൾപ്പെടുത്തി ആസ്വാദനക്കുറിപ്പ്
തയ്യാറാക്കുക.
- വ്യക്തിഗതമായി
തയ്യാറാക്കിയവ ഗ്രൂപ്പിൽ വായിച്ചു മെച്ചപ്പെടുത്തുക. മികച്ച
ആസ്വാദനക്കുറിപ്പിന്റെ സവിശേഷതകൾ ചർച്ചചെയ്ത്, സൂചനകൾ
തയ്യാറാക്കുക.
ആസ്വാദനക്കുറിപ്പ് - മാതൃക
ഒരു പൂവിന്റെ ജീവിതത്തിന്റെ മഹത്വം മനോഹരമായി ആവിഷ്കരിക്കുന്ന
കവിതയാണ് ഉള്ളൂരിന്റെ പനിനീർപ്പൂവ്. ഗൗരവമുള്ള ഒരു ആശയം ലളിതമായ വാക്കുകളിലൂടെ കവി
പറയുകയാണ്. പ്രകൃതിയിലുള്ള ഏതൊന്നിനും അതിന്റേതായ സ്ഥാനമുണ്ട് എന്ന് ഈ കവിതയിലൂടെ
കവി നമ്മെ ഓർമ്മിപ്പിക്കുന്നു. വിടർന്നുനിൽക്കുന്ന പനിനീർപ്പൂവ് കാണുമ്പോൾ അതിന്റെ
നിസ്സാരമായ ജീവിതത്തെക്കുറിച്ചോർത്ത് കവി പൂജിക്കുന്നു. എന്നാൽ തന്റെ ചിന്തകൾ
തെറ്റാണെന്ന് വൈകാതെതന്നെ കവി തിരിച്ചറിയുന്നു. ആ തിരിച്ചറിവിൽ കവി പൂവിനോട്
മാപ്പുചോദിക്കുകയാണ്. ഏതു മരുഭൂമിയെയും പൂക്കാവനമാക്കാനും ദുഃഖിതരായ ആളുകളുടെ
മനസ്സിന് സന്തോഷം നൽകാനും പൂക്കൾക്കു കഴിയും.
മുരളിപ്പാടുന്ന വണ്ടുകൾക്കൊപ്പം കാറ്റിൽ ആടിക്കളിച്ചു
നിൽക്കുന്ന പൂക്കളെ മറക്കാൻ ആർക്കും കഴിയില്ല. കണ്ണിനു കുളിർമയും സുഗന്ധവും തേനും
നൽകുന്ന പൂക്കളെ നന്മയും ഐശ്വര്യവും വിതറുന്ന ദേവതമാരോടും
അന്നപൂർണ്ണേശ്വരിയോടുമെല്ലാം കവി താരതമ്യം ചെയ്യുന്നു. ദേവനെ പൂജിക്കാനും മുടിയിൽ
ചൂടാനും മംഗളകർമ്മങ്ങൾക്കും വീരന് മാലചാർത്താനും എല്ലാം പൂക്കൾ ഉപയോഗിക്കുന്നു.
ഇങ്ങനെയെല്ലാമുള്ള പൂക്കളെ വിണ്ണിലെ പൈതങ്ങൾ എന്ന് കവി വിശേഷിപ്പിക്കുന്നു.
പൂക്കൾക്കു മുന്നിൽ കവി തൊഴു കൈകളോടെ നിൽക്കുകയും ചെയ്യുന്നു.
കവിതയിലെ ശബ്ദഭംഗി എടുത്തുപറയേണ്ടതാണ്. പാടുന്ന, ആടുന്ന,
പാണി, വേണി തുടങ്ങിയ അക്ഷരങ്ങളുടെ ആവർത്തനം
ചൊല്ലഴക് വർദ്ധിപ്പിക്കുന്നു. പാഴ്ത, ഓതി, പാർക്കുകിൽ, വായ്ക്കുക തുടങ്ങി ഇന്ന് അധികം
പ്രചാരമില്ലാത്ത പദങ്ങളും കവിതയിൽ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.
സ്മിതമാനന്ദം, ലോകത്തിനന്നപൂർണ്ണേശ്വരിമാർ, മൗലിക്കും ഭൂഷ, കല്യാണധാമങ്ങൾ തുടങ്ങിയ പദപ്രയോഗങ്ങൾ
കവിതയ്ക്ക് ചൊല്ലഴക് നൽകുന്നവയാണ്. ചെറിയൊരു പനിനീർപ്പൂവിന്റെ ജീവിതത്തിലൂടെ എല്ലാ
ജീവജാലങ്ങൾക്കും ഈ ലോകത്ത് അതിന്റേതായ പ്രാധാന്യമുണ്ട് എന്ന മഹത്തായ ആശയം കവി
അവതരിപ്പിച്ചിരിക്കുന്നു.
0 Comments