പ്രവേശക പ്രവർത്തനം
സ്വന്തം ഭാഷ
ഒരിക്കൽ കൃഷ്ണദേവരായരുടെ അരമനയിൽ എത്തിച്ചേർന്ന ഒരു വിദ്വാൻ
അദ്ദേഹത്തെ മുഖം കാണിച്ചിട്ടു പറഞ്ഞു:
'രാജാവേ, എനിക്ക്
നിരവധി ഭാഷകളിൽ പ്രാവീണ്യമുണ്ട്. പക്ഷേ,
എന്റെ മാതൃഭാഷ ഏതെന്ന് ഞാൻ പറയില്ല. അത് കണ്ടുപിടിക്കേണ്ടത് അങ്ങയുടെ സദസ്സിലെ
വിദ്വാന്മാരാണ്.' രാജാവ് ഓരോ
ഭാഷയിലും പ്രാവീണ്ണ്യമുള്ളവരെ അവിടെ വിളിച്ചുവരുത്തി. എന്തൊരത്ഭുതം! വിദ്വാൻ എല്ലാ ഭാഷയും
വിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്നു. ഓരോന്നും സ്വന്തം മാതൃഭാഷയെന്നു തോന്നിക്കുമാറ്
നല്ല ഒഴുക്കോടും സ്ഫുടതയോടും കൂടിയാണ് അയാളുടെ സംഭാഷണം. രാജപണ്ഡിതന്മാർ വല്ലാത്ത ചിന്താക്കുഴപ്പം.
വിദ്വാന്റെ മാതൃഭാഷ ഏതെന്ന് തിരിച്ചറിയുക മഹാബുദ്ധിമുട്ട്. ഈ പ്രശ്നത്തിന്റെ
ഉത്തരം കണ്ടെത്താൻ രാജാവ് തെന്നാലിരാമനോടും ആവശ്യപ്പെട്ടു. തെന്നാലിരാമൻ വിദ്വാന്റെ അടുത്തെത്തി.
എന്നിട്ട്......
കാലിലൊരു ചവിട്ടു നൽകി. ഉടനെ വിദ്വാൻ ഉറക്കെ നിലവിളിച്ചു 'അമ്മേ' എന്ന്....
ആളുകൾക്ക് അതോടെ മനസ്സിലായി,
അയാളുടെ മാതൃഭാഷ ഏതെന്ന്. രാജാവ് തെന്നാലിരാമന് ധാരാളം പാരിതോഷികങ്ങൾ നൽകി
അദ്ദേഹത്തെ അഭിനന്ദിച്ചു.
ചിത്രം കൂടി ചേർത്തുവായിക്കുമ്പോൾ മാതൃഭാഷയുടെ ഏതു
സവിശേഷതയാണ് കഥയിൽ നിന്നു മനസ്സിലാകുന്നത്? ചർച്ച ചെയ്യുക.
- എത്ര
ഭാഷകളിൽ പ്രാവീണ്യം ഉണ്ടെങ്കിലും നാം ചിന്തിക്കുന്നതും സ്വപ്നം
കാണുന്നതുമെല്ലാം നമ്മുടെ മാതൃഭാഷയിലായിരിക്കും.
- കാലിൽ
ഒരു മുള്ളു കൊള്ളുകയോ കല്ലിൽ തട്ടി വീഴാൻ തുടങ്ങുകയോ അപ്രതീക്ഷിതമായി
ഭയപ്പെടുകയോ ഒക്കെ ചെയ്യുമ്പോൾ ആ വികാരം നമ്മുടെ ഉള്ളിൽനിന്ന് അറിയാതെ
പുറത്തുവരുന്നത് മാതൃഭാഷയിലായിരിക്കും.
·
വിവിധ ഭാഷകളിൽ
പണ്ഡിതനായ ഒരാളുടെ മാതൃഭാഷ കണ്ടെത്താൻ അപ്രതീക്ഷിതമായി അയാളുടെ കാലിൽ ചവിട്ടുകയാണ്
തെന്നാലിരാമൻ ചെയ്തത്. ആ വേദനയിൽ അമ്മേ എന്ന് അയാൾ അറിയാതെ നിലവിളിച്ചു.
മാതൃഭാഷയിലാണയാൾ നിലവിളിച്ചത്.
·
സന്തോഷമായാലും
സങ്കടമായാലും നമ്മുടെ വികാരങ്ങളെ ശക്തമായി പ്രതിഫലിപ്പിക്കാൻ മാതൃഭാഷക്കുടിയേ തീരൂ
എന്നാണിതിൽ നിന്നു മനസ്സിലാകുന്നത്.
■ പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും
1. വായിക്കാം, പറയാം
- കുട്ടിക്കാലത്തിന്റെ
ഏതു സവിശേഷതയാണ് ഇവിടെ സൂചിപ്പിക്കുന്നത്?
കാണുന്നതിനെയും കേൾക്കുന്നതിനെയും സ്പർശിക്കുന്നതിനെയും മണക്കുന്നതിനെയും രുചിക്കുന്നതിനെയുമൊക്കെ നാം കുട്ടിക്കാലത്ത് പേരിട്ടുവിളിച്ചു മനസ്സിലാക്കുന്നു. വസ്തുക്കളുടെ ആശയം മാത്രമല്ല, അവയുടെ അനുഭവം കൂടി നാം അറിയുന്നു. അതായത് അമ്മ എന്നു പറയുമ്പോൾ അമ്മയുടെ ശരീരം മാത്രമല്ല, അമ്മയോടുള്ള സ്നേഹബന്ധം കൂടി ആ വാക്ക് നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരുന്നു. - ഇടി, നിലാവ്
തുടങ്ങിയ വാക്കുകൾ കേൾക്കുമ്പോൾ നമുക്ക് എന്തെല്ലാം അനുഭവപ്പെടുന്നു?
ഇടി എന്ന വാക്ക് കേൾക്കുമ്പോൾ പേടിയും നിലാവ് എന്ന വാക്ക് കേൾക്കുമ്പോൾ അതിന്റെ കുളിർമയും അനുഭവപ്പെടുന്നു. - ഏറ്റവും
വലിയ അറിവ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നതെന്തിനെ?
അനുഭൂതിയുടെ രൂപത്തിലുള്ള അറിവാണ് ഏറ്റവും വലിയ അറിവ്. - ഭാഷ
നമ്മുടെ മനസ്സിലെത്തിക്കുന്നതെന്തെല്ലാം?
പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് നാം അനുഭവിച്ചറിയുന്ന ലോകത്തെ മാത്രമല്ല, നമ്മുടെ മുന്നിലില്ലാത്ത ലോകത്തെയും ഭാഷ നമ്മുടെ മനസ്സിലെത്തിക്കുന്നു. പുഴയുടെ തണുപ്പും കുളിരും അനുഭവിച്ചറിഞ്ഞ ഒരാൾക്ക് പുഴ എന്ന് പറയുന്നത് കേൾക്കുമ്പോൾ പുഴയില്ലാത്തിടത്തും പുഴയുടെ അനുഭവമുണ്ടാകുന്നത് അതുകൊണ്ടാണ്.
2. ബന്ധപ്പെടുത്തി പറയാം
- 'പുഴ
എന്നൊരാൾ പറയുമ്പോൾ പുഴയില്ലാത്തിടത്തും പുഴയുടെ അനുഭവമുണ്ടാകുന്നു.' ഇതുപോലുള്ള ചില അനുഭവങ്ങൾ കാഴ്ച, കേൾവി,
മണം, രുചി, സ്പർശം
എന്നിവയുമായി ചേർത്തു പറയാമോ?
ഉത്തരമാതൃക
- ദോശ എന്നു
പറയുമ്പോൾ അമ്മ വീട്ടിൽ ദോശ ചുടമ്പോഴുണ്ടാകുന്ന ശബ്ദവും അതിന്റെ മണവും, രുചിയും
രൂപവുമെല്ലാം ഒരു ചിത്രംപോലെ നമ്മുടെ മനസ്സിൽ തെളിയുന്നു.
- മഴ എന്നു
കേൾക്കുമ്പോൾ മഴ പെയ്യുന്ന കാഴ്ച, ശബ്ദം, നനവ്,
കുളിർ, ഗന്ധം, കുട,
ചെളി, കാലുകൊണ്ട് തട്ടിത്തെറിപ്പിക്കുന്ന
വെള്ളത്തിന്റെ ശബ്ദം ഇവയെല്ലാം ഓർമവരും.
·
3. കാണാത്തതും കാണാം
·
ഒരു കാരണവും കൂടാതെ എപ്പോഴും പരാതി പറയുന്ന ചിലരുണ്ട്. അവർക്ക് ഒരു കാരണം
കിട്ടിയാലോ?
·
'മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങ വീണതു പോലാകും.'
·
ഇവിടെ നായയെക്കുറിച്ചോ തേങ്ങയെക്കുറിച്ചോ അല്ല, ചില ആളുകളുടെ പ്രത്യേക സ്വഭാവത്തെക്കുറിച്ചാണ് പറയുന്നത്. കുഞ്ചൻനമ്പ്യാരുടെ
തുള്ളൽകവിതയിൽ സാന്ദർഭികമായി പറഞ്ഞവരി നോക്കൂ:
·
'പാണ്ടൻനായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല.'
·
ഇതിപ്പോൾ ചൊല്ലായി തീർന്നിട്ടുണ്ട്. ഈ ചൊല്ല് പാണ്ടൻ നായുടെ പല്ലിനെയോ
ശൗര്യത്തെയോ അല്ല, പരാമർശിക്കപ്പെട്ട ആളിനു വന്നുചേർന്ന
ശക്തിക്കുറവിനെയാണ് സൂചിപ്പിക്കുന്നത്.
· തുടർന്നു കൊടുത്തിട്ടുള്ള ചൊല്ലുകളിലെ പരിചിതവസ്തുക്കളും അനുഭവങ്ങളും ചൊല്ലുകൾ മനസ്സിൽ ഉണ്ടാക്കുന്ന ആശയവും കണ്ടെത്തി ഈ പട്ടിക പൂർത്തിയാക്കൂ.·
·
ഉത്തരമാതൃക
|
പഴഞ്ചൊല്ല് |
പരിചിതവസ്തുക്കൾ, അനുഭവങ്ങൾ |
മനസ്സിലുണ്ടാകുന്ന ആശയം |
|
പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല |
നായ, പല്ല്, ശൗര്യം (കരുത്ത്) |
ഒരു കാലത്ത് കരുത്തനായിരുന്നെങ്കിലും ഇപ്പോൾ അയാളുടെ
ശക്തി വേണ്ടത്ര ഫലിക്കുന്നില്ല. |
|
ഗതികെട്ടാൽ പുലി പുല്ലും തിന്നും |
ഗതികേട്, പുലി, പുല്ല് |
ഒരിക്കൽ പോലും ചെയ്യില്ല എന്നുറപ്പിച്ച കാര്യങ്ങളും
ഗതികേടുകൊണ്ട് ചെയ്തുപോകും. |
·
നിങ്ങൾക്കറിയാവുന്ന മറ്റൊരു പഴഞ്ചൊല്ലിനെ ഇങ്ങനെ വിശദീകരിക്കാൻ ശ്രമിക്കൂ.
|
പഴഞ്ചൊല്ല് |
പരിചിതവസ്തുക്കൾ, അനുഭവങ്ങൾ |
മനസ്സിലുണ്ടാകുന്ന ആശയം |
|
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല |
മുറ്റം, മുല്ല, മണം |
ഏറ്റവും വേഗത്തിലും ഏതാവസരത്തിലും ലഭ്യമാകുന്ന
കാര്യങ്ങളോട് താത്പര്യക്കുറവ് |
|
ഇടിവെട്ടിയവനെ പാമ്പ് കടിച്ചു |
ഇടിവെട്ട്, പാമ്പ്, കടി |
ഒരുപകടത്തിൽ പെട്ട് കിടക്കുന്ന ആൾക്ക് മറ്റൊരു അപകടം കൂടി
വന്നുചേർന്നത്. |
4. ഹൃദയത്തിന്റെ ഭാഷ
വൈക്കം മുഹമ്മദ് ബഷീറിന്റെ 'പാത്തുമ്മയുടെ
ആട്' എന്ന നോവലിലെ ഒരു ഭാഗം വായിക്കാം:
അബ്ദുൽ ഖാദർ ഒരു സ്കൂൾ മാസ്റ്ററായിരുന്നു; വലിയ
വ്യാകരണക്കാരനും. പണ്ടൊരിക്കൽ ഇവൻ ഉമ്മയോട് പറഞ്ഞു, 'മാതാവേ,
കുറച്ച് ശുദ്ധജലം തന്നാലും' അന്ന് ഉമ്മ ചോറ് വിളമ്പുന്ന
വലിയ തവികൊണ്ട് തല്ലി. ബാപ്പ അവനെ ആശ്വസിപ്പിച്ചു: 'നീ
അങ്ങനെ പറഞ്ഞാൽ മതിയൊടാ, നീ എന്നെ എന്തെന്നു വിളിക്കും?'
‘പിതാവെന്ന്...’ അതുകേട്ടപ്പോൾ തവികൊണ്ട് ഉമ്മ ഒന്നുകൂടി കൊടുത്തു.
പിന്നെ അവൻ ഉമ്മയെന്നും ബാപ്പായെന്നുമേ വിളിച്ചിരുന്നുള്ളൂ.
ചോദ്യം: മാതാവേ
എന്നും പിതാവേ എന്നും വിളിച്ചപ്പോൾ ഉമ്മ തവി കൊണ്ടുതല്ലാൻ എന്തായിരിക്കും കാരണം?
ഉത്തരം: അച്ചാ, അമ്മ, ഉമ്മ,
ബാപ്പ എന്നൊക്കെ മക്കൾ വിളിക്കുന്നത് എത്രയും സ്നേഹത്തോടെയാണ്.
അബ്ദുൽ ഖാദർ അച്ചടിഭാഷയിലാണ് ഉമ്മയോട് സംസാരിക്കുന്നത്. സ്നേഹത്തിന്റെ ഭാഷയായി അത്
അനുഭവപ്പെടുന്നില്ല. അമ്മേ, കുറച്ചു വെള്ളം താ എന്ന്
സംസാരഭാഷയിൽ പറയുമ്പോഴാണ് ഭാഷ ഹൃദ്യമായി അനുഭവപ്പെടുക. മാതാവേ എന്നു
വിളിക്കുന്നതിനേക്കാൾ കേൾക്കാൻ ഉമ്മയ്ക്ക് ഇഷ്ടം ഉമ്മ എന്നു സ്നേഹത്തോടെ
വിളിക്കുന്നതാണ്.
ചോദ്യം: നിങ്ങൾ
മാതാപിതാക്കളെ എന്താണ് വിളിക്കാറുള്ളത്? കൂടുതൽ സ്നേഹം തോന്നുമ്പോൾ നിങ്ങൾ എങ്ങനെ
വിളിക്കും? ചർച്ചചെയ്യു.
മനു എഴുതിയത്:
അച്ചാ, അമ്മേ, എന്നുതന്നെയാണ് വിളിക്കുക. സ്നേഹം കൂടുതൽ തോന്നുമ്പോൾ അമ്മയെ
അമ്മൂക്കുട്ടി എന്നും അമ്മൂസേ എന്നും ഞാൻ വിളിക്കാറുണ്ട്. അച്ചനെ അച്ചൻകുട്ടാ
എന്നും അച്ചാച്ചി എന്നുമൊക്കെ വിളിക്കാറുണ്ട്.
0 Comments